Monday, January 25, 2010

സംശയക്കുരുക്ക്

ചൂളം വിളിച്ചും മൂളി ഞരങ്ങിയും
തീവണ്ടി വന്നാ സ്റ്റേഷനിൽ നില്പ്പൂ
ഓടിക്കിതച്ചു വരുമൊരു യാത്രികൻ
ചാടിക്കയറിയാ ബോഗിയിൽ തൽ ക്ഷണം

ഇരിപ്പിടം നോക്കിയും നമ്പർ തിരക്കിയും
സീറ്റുകളൊന്നൊന്നായ് താണ്ടിക്കടക്കവേ
ആഹ്ളാദ ചിത്തരാം പൈതങ്ങൾ രണ്ടുപേർ
സാമോദമെത്തി കുശലം പറയുവോർ

സന്തോഷ താരകൾ മിന്നിത്തിളങ്ങുമീ
കുഞ്ഞിളം പൈതലിൻ മാധുര്യ ഭാഷണം
കേട്ടു ചിരിച്ചും രസിച്ചുമിരിക്കവേ
മാതാവൊരുത്തി ശകാരം പൊഴിക്കുന്നു

ആരോടു നിങ്ങൾ ചിരിച്ചു കളിക്കുന്നു?
വിശ്വസിച്ചീടല്ലെ പുത്തൻ മുഖങ്ങളെ
കലികാലമെന്റയ്യോ ആടിത്തിമർക്കുന്നു
കള്ളവും പൊള്ളുമേ മാനുഷ മുദ്രകൾ

യാത്രികൻ നെഞ്ചകം കുത്തിപ്പിളർത്തിയാ
അമ്മ തൻ വാക്കുകൾ ക്രൂര ശരമ്പോലെ
മറ്റുള്ള യാത്രികൾ മൗന വാല്മീകങ്ങളിൽ
നേത്രദ്വയങ്ങൾ മാത്രം ചലിപ്പിതു

ആശങ്ക താണ്ടവം ചവിട്ടുമോരോമുഖം
സന്ദേഹ ഭാരത്താൽ ചിരിക്കാൻ മറക്കുന്നു
വണ്ടിക്കകം പൂകും മാന്യ ദേഹങ്ങളെ
സന്ദേഹമുള്ളിൽ കുരുക്കുന്നു മാലോകർ

വിശ്വാസ നഷ്ടം ഭവിച്ചിതു ലോകമിൽ
സംശയ ദൃഷ്ടിയാൽ നോക്കുമെല്ലാരെയും
ചതിച്ചും വധിച്ചും നമ്മൾ വിതച്ചതിൻ
ഫലമിന്നു കൊയ്യുന്നു നാം തന്നെ നിശ്ചയം

Wednesday, November 5, 2008

പടിഞ്ഞാറന്‍ കാറ്റിനൊരു മംഗള ഗീതം

പി.ബി. ഷെല്ലിയുടെ Ode to The West Wind എന്ന കവിതക്ക്‌
ഈ ബ്ളോഗര്‍ ചെയ്ത മലയാള ഭാഷാന്തരത്തില്‍ നിന്നൊരു ഭാഗം

ശരത്കാല സത്വത്തിന്‍ നിശ്വാസമായിടും
പ്രചണ്ഡ പശ്ചിമ വാതമേ നീ
നിന്നുടെയദൃശ്യ സാന്നിധ്യമോടിക്കും
നിര്‍ജീവ വൃക്ഷത്തിന്‍ പത്രങ്ങളെ
മാന്ത്രികന്‍ തന്നില്‍ നിന്നോടി മറഞ്ഞീടും
വേതാള ദേഹി സ്വരൂപം പോലെ

പിംഗലം ശ്യാമളം പാണ്ഡുരം ശോണിതം
വ്യാപക മാരി തന്‍ താഡനമേറ്റവര്‍
തേരു തെളിച്ചു നീ എത്തിച്ചവരുടെ
ശീത ശിശിരത്തിന്‍ ശ്യാമള മെത്തയെ

നിന്‍ സ്വന്തം സോദരി വസന്ത മാരുതി
നീല ഗഗനത്തില്‍ വീശിയടിക്കോളം
പക്ഷം മുളച്ചുള്ള വിത്തുകളോരോന്നും
മണ്ണില്‍ തണുപ്പേറ്റു മൂടിക്കഴിഞ്ഞീടും
കല്ലറക്കുള്ളിലെ ജീവഛവം പോലെ
മണ്ണില്‍ തണുപ്പേറ്റു മൂടിക്കഴിഞ്ഞീടും

കനവില്‍ പുതഞ്ഞു ശയിക്കും ധരണിയെ
അവളുടെ കാഹള ഭേരി ഉയിര്‍ത്തിടും
മാമലക്കൂട്ടങ്ങള്‍ പീഠ പ്രദേശങ്ങള്‍
വര്‍ണ സൌരഭ്യത്താല്‍ വ്യാപ്തമാകും

നിഷ്ഠൂര ദേഹി ചലിക്കുന്നു എങ്ങുമേ
അന്തകന്‍ രക്ഷകന്‍ കേള്‍ക്കൂ നീയേ

Sunday, October 12, 2008

കാക്കക്കറുമ്പി

നിശ തന്‍ കരാള കാളിമപ്പൊയ്കയില്‍
അരുണാര്‍ക്ക കിരണങ്ങള്‍ ചിതറിത്തെറിച്ചപോല്‍
പുലരി പ്പൂമൊട്ടുകള്‍ മന്ദഹസിക്കവേ
കാര്‍വര്‍ണ കാകന്‍ തുടങ്ങി തന്‍ വേലകള്‍

ചകിരിയും ചുള്ളിയും കൊത്തിപ്പെറുക്കി
ചിറകടിച്ചെത്തിയാ മാമരക്കൊമ്പില്‍
ഭദ്രമായ്‌ വെച്ചു തുടങ്ങിയാ കമ്പുകള്‍
ഭാസുര പിഞ്ജരം നെയ്തിടാന്‍ വേഗമില്‍

കാറ്റില്‍ ഉലയുമാ മാമരക്കൊമ്പിലേ
മഞ്ജുള പിഞ്ജരം സ്തബ്ധനായ്‌ നോക്കവേ
ചിന്ത തന്‍ വാതായനങ്ങള്‍ തുറന്നിടേ
ആരാഞ്ഞു ഞാനാ കക്കയോടോമലേ

മുട്ടകളിട്ടിടാന്‍ നേരം അടുത്തുപോയ്‌
കമ്പുകള്‍ കെട്ടി നീ കൂടൊന്ന് നെയ്യണം
ആരവന്‍ ചൊല്ലിയീ പ്രേരണ വാക്യങ്ങള്‍
പിഞ്ജര വിദ്യയും നിണ്റ്റഹം സൃഷ്ടിയോ

കാക്കക്കറുമ്പി തുടങ്ങി തന്‍ വായ്മൊഴി
ഇല്ലില്ല യാരുമേ ചൊല്ലീല യെന്നോട്‌
സൃഷ്ടി പ്രപഞ്ചത്തിന്‍ കാരുണ്യ നാഥനിന്‍
ബോധനം കൊണ്ടല്ലോ നെയ്യുന്നു പിഞ്ജരം

മുട്ടകള്‍ മീതെ നീ ചൂടു നല്‍കീടുകില്‍
കുഞ്ഞുങ്ങളൊന്നായ്‌ വിരിഞ്ഞിടും ചാരത്ത്‌
എങ്ങു നിന്നീവിധ വിദ്യകള്‍ നിന്‍ വശം
മാനുഷനെങ്കിലും നിഷ്പ്രഭം എന്‍ മതി

കാക്കക്കറുമ്പി നിര്‍ന്നിമേഷയായ്‌ നോക്കിനാള്‍
ജന്‍മനാല്‍ നിക്ഷിപ്തം എന്നുള്ളില്‍ സര്‍വവും
സൃഷ്ടി കര്‍ത്താവിണ്റ്റെ കുഞ്ഞിളം സൃഷ്ടി ഞാന്‍
ബോധനം അവനല്ലോ നല്‍കുന്നു എന്നുള്ളില്‍

Wednesday, October 8, 2008

ആണവക്കരാര്‍

മനം മോഹിക്കും വാഗ്ദാനങ്ങളും തൂവി
മന്‍ മോഹനന്‍ മൂളും കരിവണ്ടിനെപ്പോല്‍
വെള്ള സായിപ്പിന്‍ കാളകൂടം ശ്രവിക്കവേ
നിനച്ചു പിയൂഷം നുകര്‍ന്നിടാം തത്ക്ഷണം

മലം പേറിടും പേക്കോലങ്ങളിന്‍ തഥാ
മണ്‍ സേവകര്‍ ഊരില്‍ അണു ശക്തി വന്നാല്‍
എണ്ണ ദീപത്തിന്‍ നാള ധൂമം ശമിച്ചിടും
ജ്വലിക്കും പ്രകാശം പകര്‍ന്നിടാം നിശ്ചയം

ജലം യാചിക്കും ദാഹേച്ഛുക്കളും നിത്യ
പൈ ദാഹകര്‍ തേടും ഒരു തുണ്ടു വസ്ത്രം
മറ്റു വ്യാധി തന്‍ പീഢമേളം സഹിക്കുവോര്‍
ക്കെന്തിനു കഠോരമീ ആണവക്കരാറുകള്‍

മനം കാമിക്കും വ്യാപാരങ്ങളും പിന്നെ
വന്‍ കോടികള്‍ നേടും കൊടും ചതിയുമപ്പുറം
പച്ച മാംസത്തില്‍ ഹോമമേധം നടത്തുവോര്‍
പിടിക്കൂ സമൂലം തകര്‍ത്തിടാം സത്വത്തെ

Wednesday, October 1, 2008

കാടേറിയ പീഢിതര്‍

കണ്ഡമാലില്‍ നി ന്നൊഴുകിയെത്തിയ
കണ്ഠ ഗദ്ഗദ വീചികള്‍
നിബിഡ കാനനം അലകള്‍ തീര്‍ക്കുമീ
വ്രണിത മാനുഷ രോദനം

പിഞ്ചു പൈതലിന്‍ കൊഞ്ചല്‍ പൊങ്ങുമീ
ഗൃഹ കുടീരം ചാമ്പലായ്‌
സ്നേഹ ദേവനില്‍ സ്തോത്ര മോതിടും
പള്ളിയങ്കണം ധൂളിയായ്‌

ജീവ ചോരണം ദേവ പൂജ പോല്‍
കണ്ടു ചെയ്യുമീ പ്രാകൃതര്‍
കൊന്നു തിന്നു മെന്നാധി പൂണ്ടവര്‍
പൂകി കാനനം ചകിതരായ്‌

അരണ്യ ഗര്‍ഭമില്‍ ഒളിഞ്ഞ മാനുഷര്‍
ഹൃത്തടങ്ങളില്‍ വേപഥു
വേട ദൃഷ്ടിയില്‍ പെട്ടുപോകിലോ
ഘോര ചിന്തയാല്‍ ഭീതിതം

ദിനങ്ങളേറെയായ്‌ തുടരും ധ്വംസനം
നോക്കുകുത്തിയാം ഭരണമേ
വിലങ്ങു വെച്ചിടാന്‍ ത്രാണിയില്ലയോ
അന്തകര്‍ മുട്ടാളരെ

ചരിത താളുകള്‍ സാക്ഷി പറയുമീ
പീഢിതര്‍ തന്‍ ഉദ്ഗതി
അന്നു നിശ്ചയം തകരുമീ വക
ഭരണ കൊത്തളം ഓര്‍ക്കുവിന്‍