Wednesday, November 5, 2008

പടിഞ്ഞാറന്‍ കാറ്റിനൊരു മംഗള ഗീതം

പി.ബി. ഷെല്ലിയുടെ Ode to The West Wind എന്ന കവിതക്ക്‌
ഈ ബ്ളോഗര്‍ ചെയ്ത മലയാള ഭാഷാന്തരത്തില്‍ നിന്നൊരു ഭാഗം

ശരത്കാല സത്വത്തിന്‍ നിശ്വാസമായിടും
പ്രചണ്ഡ പശ്ചിമ വാതമേ നീ
നിന്നുടെയദൃശ്യ സാന്നിധ്യമോടിക്കും
നിര്‍ജീവ വൃക്ഷത്തിന്‍ പത്രങ്ങളെ
മാന്ത്രികന്‍ തന്നില്‍ നിന്നോടി മറഞ്ഞീടും
വേതാള ദേഹി സ്വരൂപം പോലെ

പിംഗലം ശ്യാമളം പാണ്ഡുരം ശോണിതം
വ്യാപക മാരി തന്‍ താഡനമേറ്റവര്‍
തേരു തെളിച്ചു നീ എത്തിച്ചവരുടെ
ശീത ശിശിരത്തിന്‍ ശ്യാമള മെത്തയെ

നിന്‍ സ്വന്തം സോദരി വസന്ത മാരുതി
നീല ഗഗനത്തില്‍ വീശിയടിക്കോളം
പക്ഷം മുളച്ചുള്ള വിത്തുകളോരോന്നും
മണ്ണില്‍ തണുപ്പേറ്റു മൂടിക്കഴിഞ്ഞീടും
കല്ലറക്കുള്ളിലെ ജീവഛവം പോലെ
മണ്ണില്‍ തണുപ്പേറ്റു മൂടിക്കഴിഞ്ഞീടും

കനവില്‍ പുതഞ്ഞു ശയിക്കും ധരണിയെ
അവളുടെ കാഹള ഭേരി ഉയിര്‍ത്തിടും
മാമലക്കൂട്ടങ്ങള്‍ പീഠ പ്രദേശങ്ങള്‍
വര്‍ണ സൌരഭ്യത്താല്‍ വ്യാപ്തമാകും

നിഷ്ഠൂര ദേഹി ചലിക്കുന്നു എങ്ങുമേ
അന്തകന്‍ രക്ഷകന്‍ കേള്‍ക്കൂ നീയേ

Sunday, October 12, 2008

കാക്കക്കറുമ്പി

നിശ തന്‍ കരാള കാളിമപ്പൊയ്കയില്‍
അരുണാര്‍ക്ക കിരണങ്ങള്‍ ചിതറിത്തെറിച്ചപോല്‍
പുലരി പ്പൂമൊട്ടുകള്‍ മന്ദഹസിക്കവേ
കാര്‍വര്‍ണ കാകന്‍ തുടങ്ങി തന്‍ വേലകള്‍

ചകിരിയും ചുള്ളിയും കൊത്തിപ്പെറുക്കി
ചിറകടിച്ചെത്തിയാ മാമരക്കൊമ്പില്‍
ഭദ്രമായ്‌ വെച്ചു തുടങ്ങിയാ കമ്പുകള്‍
ഭാസുര പിഞ്ജരം നെയ്തിടാന്‍ വേഗമില്‍

കാറ്റില്‍ ഉലയുമാ മാമരക്കൊമ്പിലേ
മഞ്ജുള പിഞ്ജരം സ്തബ്ധനായ്‌ നോക്കവേ
ചിന്ത തന്‍ വാതായനങ്ങള്‍ തുറന്നിടേ
ആരാഞ്ഞു ഞാനാ കക്കയോടോമലേ

മുട്ടകളിട്ടിടാന്‍ നേരം അടുത്തുപോയ്‌
കമ്പുകള്‍ കെട്ടി നീ കൂടൊന്ന് നെയ്യണം
ആരവന്‍ ചൊല്ലിയീ പ്രേരണ വാക്യങ്ങള്‍
പിഞ്ജര വിദ്യയും നിണ്റ്റഹം സൃഷ്ടിയോ

കാക്കക്കറുമ്പി തുടങ്ങി തന്‍ വായ്മൊഴി
ഇല്ലില്ല യാരുമേ ചൊല്ലീല യെന്നോട്‌
സൃഷ്ടി പ്രപഞ്ചത്തിന്‍ കാരുണ്യ നാഥനിന്‍
ബോധനം കൊണ്ടല്ലോ നെയ്യുന്നു പിഞ്ജരം

മുട്ടകള്‍ മീതെ നീ ചൂടു നല്‍കീടുകില്‍
കുഞ്ഞുങ്ങളൊന്നായ്‌ വിരിഞ്ഞിടും ചാരത്ത്‌
എങ്ങു നിന്നീവിധ വിദ്യകള്‍ നിന്‍ വശം
മാനുഷനെങ്കിലും നിഷ്പ്രഭം എന്‍ മതി

കാക്കക്കറുമ്പി നിര്‍ന്നിമേഷയായ്‌ നോക്കിനാള്‍
ജന്‍മനാല്‍ നിക്ഷിപ്തം എന്നുള്ളില്‍ സര്‍വവും
സൃഷ്ടി കര്‍ത്താവിണ്റ്റെ കുഞ്ഞിളം സൃഷ്ടി ഞാന്‍
ബോധനം അവനല്ലോ നല്‍കുന്നു എന്നുള്ളില്‍

Wednesday, October 8, 2008

ആണവക്കരാര്‍

മനം മോഹിക്കും വാഗ്ദാനങ്ങളും തൂവി
മന്‍ മോഹനന്‍ മൂളും കരിവണ്ടിനെപ്പോല്‍
വെള്ള സായിപ്പിന്‍ കാളകൂടം ശ്രവിക്കവേ
നിനച്ചു പിയൂഷം നുകര്‍ന്നിടാം തത്ക്ഷണം

മലം പേറിടും പേക്കോലങ്ങളിന്‍ തഥാ
മണ്‍ സേവകര്‍ ഊരില്‍ അണു ശക്തി വന്നാല്‍
എണ്ണ ദീപത്തിന്‍ നാള ധൂമം ശമിച്ചിടും
ജ്വലിക്കും പ്രകാശം പകര്‍ന്നിടാം നിശ്ചയം

ജലം യാചിക്കും ദാഹേച്ഛുക്കളും നിത്യ
പൈ ദാഹകര്‍ തേടും ഒരു തുണ്ടു വസ്ത്രം
മറ്റു വ്യാധി തന്‍ പീഢമേളം സഹിക്കുവോര്‍
ക്കെന്തിനു കഠോരമീ ആണവക്കരാറുകള്‍

മനം കാമിക്കും വ്യാപാരങ്ങളും പിന്നെ
വന്‍ കോടികള്‍ നേടും കൊടും ചതിയുമപ്പുറം
പച്ച മാംസത്തില്‍ ഹോമമേധം നടത്തുവോര്‍
പിടിക്കൂ സമൂലം തകര്‍ത്തിടാം സത്വത്തെ

Wednesday, October 1, 2008

കാടേറിയ പീഢിതര്‍

കണ്ഡമാലില്‍ നി ന്നൊഴുകിയെത്തിയ
കണ്ഠ ഗദ്ഗദ വീചികള്‍
നിബിഡ കാനനം അലകള്‍ തീര്‍ക്കുമീ
വ്രണിത മാനുഷ രോദനം

പിഞ്ചു പൈതലിന്‍ കൊഞ്ചല്‍ പൊങ്ങുമീ
ഗൃഹ കുടീരം ചാമ്പലായ്‌
സ്നേഹ ദേവനില്‍ സ്തോത്ര മോതിടും
പള്ളിയങ്കണം ധൂളിയായ്‌

ജീവ ചോരണം ദേവ പൂജ പോല്‍
കണ്ടു ചെയ്യുമീ പ്രാകൃതര്‍
കൊന്നു തിന്നു മെന്നാധി പൂണ്ടവര്‍
പൂകി കാനനം ചകിതരായ്‌

അരണ്യ ഗര്‍ഭമില്‍ ഒളിഞ്ഞ മാനുഷര്‍
ഹൃത്തടങ്ങളില്‍ വേപഥു
വേട ദൃഷ്ടിയില്‍ പെട്ടുപോകിലോ
ഘോര ചിന്തയാല്‍ ഭീതിതം

ദിനങ്ങളേറെയായ്‌ തുടരും ധ്വംസനം
നോക്കുകുത്തിയാം ഭരണമേ
വിലങ്ങു വെച്ചിടാന്‍ ത്രാണിയില്ലയോ
അന്തകര്‍ മുട്ടാളരെ

ചരിത താളുകള്‍ സാക്ഷി പറയുമീ
പീഢിതര്‍ തന്‍ ഉദ്ഗതി
അന്നു നിശ്ചയം തകരുമീ വക
ഭരണ കൊത്തളം ഓര്‍ക്കുവിന്‍

Monday, September 29, 2008

ജസ്റ്റീസ്‌ നാനാവതി

അഗ്നിസ്ഫുലിംഗങ്ങള്‍ ഭക്ഷിച്ചു തുപ്പിയ
തീവണ്ടിയല്ലോ നില്‍ക്കുന്നു ഗോധ്രയില്‍
ജുഗുപ്സാവഹമീ ഭ്രാതൃ ഹത്യക്ക്‌
നിമിത്തമെന്തെന്നറിയില്ല കൃത്യമായ്‌

മോഡിമാര്‍ നെയ്തുള്ള മോടിയാം കള്ളങ്ങള്‍
വാനര സേനയെ ജാഗരം കൊള്ളിച്ചു
അറുത്തു കരിച്ചവര്‍ ഗാന്ധി തന്‍ ദേശത്ത്‌
സോദര മുസല്‍മാനിന്‍ സഹസ്രം തനുക്കളെ

ഭൂഗോള വാസികള്‍ പുഛിച്ചു നാടിനെ
സസ്യാഹാരികള്‍ മാംസം കഴിക്കുന്നോ ?
അഹിംസ പ്രവാചകന്‍ നാട്ടിലീ ഭ്രാന്തിന്‌
ചോദന യാരെന്നുരക്കൂ തിടുക്കത്തില്‍

വന്നെത്തി ബാനര്‍ജി അന്വേഷണത്തിനായ്‌
ചികഞ്ഞു പെറുക്കി പ്രമാണക്കനലുകള്‍
മോഡിമാര്‍ പൊയ്മുഖം ഉതിര്‍ന്നു പതിച്ചപ്പോള്‍
ഗോധ്ര പോല്‍ ദഹിച്ചു പ്രമാണങ്ങളത്രയും

ഹിന്ദുത്വ വേതാളം മോഡി തന്‍ പൊയ്മുഖം
മിനുക്കി വെളുപ്പിക്കാന്‍ വന്നു നാനാവതി
നാനാ വിധത്തിലും നാനാ തരത്തിലും
നാനാര്‍ത്ഥ കള്ളങ്ങള്‍ നട്ടു വളര്‍ത്തുന്നു

ശിക്കാരി പട്ടികള്‍ ദംശനം ചെയ്കയാല്‍
വ്രണിതം മുസല്‍മാനിന്‍ നിസ്വ കളേബരം
ഭേദിച്ചു ഹോമിക്കാന്‍ പ്രമാണം ചമച്ചിടും
നാനാവതികളെ കരുതിയിരിക്കുവിന്‍

Thursday, September 25, 2008

വ്രത വിശുദ്ധി

ഗഗന ഗോപുര മേലാപ്പിലന്നു നാള്‍
കറുത്ത കമ്പളം പുതച്ചൊരമ്പിളി
ഉണര്‍ന്നെണീറ്റുടന്‍ ധരണി ധാത്രിയെ
നോക്കി ചിരിച്ച നാള്‍ വ്രതവും തുടങ്ങയായ്‌

വിശ്വാസി ജീവിത പൂന്തോപ്പിലന്നു നാള്‍
തിമര്‍ത്തനുഗ്രഹ വൃഷ്ടികള്‍ തരാതരം
വിമല മാനസ സൂനം കൊതിക്കുവോര്‍
സാഷ്ടാംഗ ചിത്തരായീശനെ നമിക്കുവിന്‍

ഭക്ഷ്യ പേയാദികള്‍ കാമ ക്രോധാദികള്‍
വര്‍ജിച്ചു സ്വത്വത്തെ ദീപ്തമാക്കീടുവാന്‍
ലഭ്യമാം കനക നിമിഷങ്ങളോരോന്നും
ഝടുതിയില്‍ മിന്നി മറയുന്നു നിശ്ചയം

നവ ചന്ദ്ര രേഖ നഭസ്സില്‍ തെളിയുകില്‍
അസ്തമിച്ചീടുമീ അനുഗ്രഹ വര്‍ഷങ്ങള്‍
ചടുല ചിത്തരായ്‌ കര്‍മ പഥങ്ങളില്‍
ആമഗ്നരായോര്‍ക്ക്‌ ജയ സിദ്ധി നിശ്ചിതം

Wednesday, September 24, 2008

വെടിയേറ്റ പേടമാന്‍

അന്തി തന്‍ മടിത്തട്ടില്‍ തല വെച്ചുറങ്ങവേ
കനവിന്‍ തിരശ്ശീല ചുരുണ്ടു കയറുന്നു
ചകിതര്‍ നിരാലംബര്‍ നാടു വിട്ടോടും കാഴ്ച
ഭീതിതം രക്തക്കളം ചിതറും കബന്ധങ്ങള്‍

അസ്ത്രങ്ങള്‍ തൊടുക്കുന്ന വേടണ്റ്റെ ദൃഷ്ടി പഥം
മുറിച്ചു കടക്കുന്ന പേട മാന്‍ കണക്കെ ഞാന്‍
വിറച്ചും വിതുമ്പിയും പതുങ്ങി നടക്കവെ
ഗര്‍ജിച്ചു നിലക്കാതെ വേടണ്റ്റെ തീ തോക്കുകള്‍

അറിഞ്ഞില്ലൊരു നാളും മരിക്കുന്നിതെന്തിന്‌
പറഞ്ഞില്ലെന്നോടാരും ഞാന്‍ ചെയ്തൊരപരാധം
ഇന്ത്യ തന്‍ ശാദ്വലത്തില്‍ ശാന്തനായ്‌ മേവുമെന്നെ
കൊന്നിടാന്‍ നിനച്ചെങ്കില്‍ ഭവിക്കും ദുശ്ശാപങ്ങള്‍

പൈ ദാഹം ശമിപ്പാനായ്‌ സാമോദം അരുവിയില്‍
വന്നിടും കുഞ്ഞാടിനെ ഹിംസ്രിക്കാന്‍ ശ്രമിച്ചുള്ള
ചെന്നായ പ്രലപിച്ച സൂത്രങ്ങള്‍ പ്രയോഗിപ്പോര്‍
സാകൂതം ശ്രവിക്കട്ടെ ജയിക്കില്ലൊരു നാളും

Sunday, September 21, 2008

ഭീകര വേട്ട

ഇന്ദ്ര പ്രസ്ഥത്തിന്‍ ചാരത്തു നിന്നിടും
ബട്ട്ല ഹൌസില്‍ പോലീസിന്‍ തേരോട്ടം
ഇന്ത്യ തന്‍ നെഞ്ചകം വെടിച്ചു തകര്‍ത്തിടും
ഭീകര രൂപികള്‍ അവിടം വസിപ്പു പോല്‍

നിയമത്തിന്‍ കാവല്‍ പട്ടികള്‍ വെടിച്ചിട്ട്‌
ചിതറിത്തെറിച്ചു കപോല ദ്വയങ്ങളും
ഇന്ത്യ തന്‍ ഹൃത്തില്‍ കല്ലോലം തീര്‍ക്കുമീ
ശോണിത സാഗരം , ചോദിക്കൂ ആരുടെ

മുസല്‍മാന്‍ വെച്ചിടും താടിയും തൊപ്പിയും
ഭീകര വാദത്തിന്‍ ധന്യ ചിഹ്നങ്ങളായ്‌
ചൊല്ലുന്നു സര്‍വരും നാദസ്വരം പോല്‍
നിനച്ചില്ല ഇത്രമേല്‍ കള്ളം ഫലിപ്പൂ

ഹിന്ദുത്വ താഡകര്‍ ജപിച്ചു പകരുന്ന
വിദ്വേഷ തീര്‍ത്ഥം ഉയിരിടും മാധ്യമ-
പ്പരിഷകള്‍ തീര്‍ത്തിടും പൊള്ളുന്ന കള്ളങ്ങള്‍
തള്ളുക, തള്ളുക ! സത്യം പുലരട്ടെ.

Thursday, September 18, 2008

മൌനം ഭ്രാന്തിണ്റ്റെ ലക്ഷണം

അല്ല, ഇന്ന്‌ പത്രം വായിച്ചില്ലെ?

എന്താ, വിശേഷം വല്ലതുമുണ്ടോ?

അറിഞ്ഞില്ലേ, അഹ്‌ മദാബാദില്‍ സ്ഫോടനം ഉണ്ടായത്രേ. കുറേ ആളുകള്‍ മരിച്ചെന്നാ കേള്‍ക്കുന്നത്‌.

മരിച്ചവരൊക്കെ ഏതു മതക്കാരാ?

ഹിന്ദുക്കള്‍.

സംശയിക്കേണ്ടാ, ഇത്‌ അവന്‍മാര്‍ തന്നെയാ.

ആര്‍?

അവര്‍ തന്നെ, സിമി. കടുത്ത ഭീകര വാദികളാ.

ഇതാ, ഈ പത്രം കണ്ടോ, ജയ്പൂരിലും സ്ഫോടനം നടന്നത്രേ

മരിച്ചവരൊക്കെ ഏതു മതക്കാരാ?

ഹിന്ദുക്കള്‍.

എന്നാല്‍ പിന്നെന്തിനു സംശയിക്കണം; ഉത്തരവാദികള്‍ അവര്‍ തന്നെ.

ആര്‍?

അവര്‍ തന്നെ ; സിമിക്കാര്‍.

ഈ മുസ്ളിം തീവ്ര വാദികളെ നിലക്കു നിര്‍ത്താന്‍ ആരുമില്ലേ ഇവിടെ?

ആശാനേ ഇന്നും ഒരു പത്ര വാര്‍ത്തയുണ്ട്‌.

ഒറീസ്സയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തിരിക്കുന്നു.

ആരായിരിക്കും ഈ ആക്രമണത്തിനു പിന്നില്‍?

.............................

ആശാനെന്താ ഒന്നും മിണ്ടാത്തത്‌? അതും സിമി തന്നെയാണോ?

കര്‍ണാടകയിലും കാസര്‍ഗോഡും പള്ളിയാക്രമണങ്ങള്‍

പ്രതികളെ നിമിഷ വേഗത്തില്‍ കണ്ടെത്താന്‍ കഴിവുള്ള ആശാണ്റ്റെ ബുദ്ധിക്കിതെന്തുപറ്റി?

മിണ്ടാട്ടമില്ലല്ലോ

മൌനംവിദ്വാനു ഭൂഷണം. മൌനം ഭ്രാന്തിണ്റ്റെ ലക്ഷണം

Thursday, September 11, 2008

വാനമ്പാടി

ബ്ളോഗാന്‍ നിനച്ചതല്ല
ടൈപ്പാന്‍ കൊതിച്ചതല്ല
ജ്വലിക്കും ജ്ഞാന മോഹത്താല്‍
നെറ്റിലെത്തിയതാണു ഞാന്‍

'സര്‍ഫി'യും ബ്രൌസിയും 'ചാറ്റിക്കളിച്ചും
പാന്ഥാവു തെറ്റിയ പഥികനെപ്പോല്‍
ബ്ളോഗിന്‍ കാനനക്കൂട്ടത്തിനുള്ളില്‍
ഏകാന്തചിത്തനായി നില്‍ക്കുന്നു ഞാന്‍

അറിയാം, ഈ നിബിഡ വനത്തിനുള്ളില്‍
വീരപ്പ തുല്യരാം ബ്ളോഗര്‍മാരും
ചാടിക്കടിക്കും ചില ചാറ്റികളും
മേവുന്നു ക്ളിക്കും ലിങ്കുമായി

അരയാലിലപോല്‍ വിറക്കുമീ പാവം
വാനമ്പാടിയെ ക്ളിക്കിടാതെ
പകലോന്‍ ഉണരട്ടെ പോയിടാം ഞാന്‍
നവ്യമാം ലിങ്കുകള്‍ ക്ളിക്കി ക്ളിക്കി