Thursday, September 25, 2008

വ്രത വിശുദ്ധി

ഗഗന ഗോപുര മേലാപ്പിലന്നു നാള്‍
കറുത്ത കമ്പളം പുതച്ചൊരമ്പിളി
ഉണര്‍ന്നെണീറ്റുടന്‍ ധരണി ധാത്രിയെ
നോക്കി ചിരിച്ച നാള്‍ വ്രതവും തുടങ്ങയായ്‌

വിശ്വാസി ജീവിത പൂന്തോപ്പിലന്നു നാള്‍
തിമര്‍ത്തനുഗ്രഹ വൃഷ്ടികള്‍ തരാതരം
വിമല മാനസ സൂനം കൊതിക്കുവോര്‍
സാഷ്ടാംഗ ചിത്തരായീശനെ നമിക്കുവിന്‍

ഭക്ഷ്യ പേയാദികള്‍ കാമ ക്രോധാദികള്‍
വര്‍ജിച്ചു സ്വത്വത്തെ ദീപ്തമാക്കീടുവാന്‍
ലഭ്യമാം കനക നിമിഷങ്ങളോരോന്നും
ഝടുതിയില്‍ മിന്നി മറയുന്നു നിശ്ചയം

നവ ചന്ദ്ര രേഖ നഭസ്സില്‍ തെളിയുകില്‍
അസ്തമിച്ചീടുമീ അനുഗ്രഹ വര്‍ഷങ്ങള്‍
ചടുല ചിത്തരായ്‌ കര്‍മ പഥങ്ങളില്‍
ആമഗ്നരായോര്‍ക്ക്‌ ജയ സിദ്ധി നിശ്ചിതം