ചൂളം വിളിച്ചും മൂളി ഞരങ്ങിയും
തീവണ്ടി വന്നാ സ്റ്റേഷനിൽ നില്പ്പൂ
ഓടിക്കിതച്ചു വരുമൊരു യാത്രികൻ
ചാടിക്കയറിയാ ബോഗിയിൽ തൽ ക്ഷണം
ഇരിപ്പിടം നോക്കിയും നമ്പർ തിരക്കിയും
സീറ്റുകളൊന്നൊന്നായ് താണ്ടിക്കടക്കവേ
ആഹ്ളാദ ചിത്തരാം പൈതങ്ങൾ രണ്ടുപേർ
സാമോദമെത്തി കുശലം പറയുവോർ
സന്തോഷ താരകൾ മിന്നിത്തിളങ്ങുമീ
കുഞ്ഞിളം പൈതലിൻ മാധുര്യ ഭാഷണം
കേട്ടു ചിരിച്ചും രസിച്ചുമിരിക്കവേ
മാതാവൊരുത്തി ശകാരം പൊഴിക്കുന്നു
ആരോടു നിങ്ങൾ ചിരിച്ചു കളിക്കുന്നു?
വിശ്വസിച്ചീടല്ലെ പുത്തൻ മുഖങ്ങളെ
കലികാലമെന്റയ്യോ ആടിത്തിമർക്കുന്നു
കള്ളവും പൊള്ളുമേ മാനുഷ മുദ്രകൾ
യാത്രികൻ നെഞ്ചകം കുത്തിപ്പിളർത്തിയാ
അമ്മ തൻ വാക്കുകൾ ക്രൂര ശരമ്പോലെ
മറ്റുള്ള യാത്രികൾ മൗന വാല്മീകങ്ങളിൽ
നേത്രദ്വയങ്ങൾ മാത്രം ചലിപ്പിതു
ആശങ്ക താണ്ടവം ചവിട്ടുമോരോമുഖം
സന്ദേഹ ഭാരത്താൽ ചിരിക്കാൻ മറക്കുന്നു
വണ്ടിക്കകം പൂകും മാന്യ ദേഹങ്ങളെ
സന്ദേഹമുള്ളിൽ കുരുക്കുന്നു മാലോകർ
വിശ്വാസ നഷ്ടം ഭവിച്ചിതു ലോകമിൽ
സംശയ ദൃഷ്ടിയാൽ നോക്കുമെല്ലാരെയും
ചതിച്ചും വധിച്ചും നമ്മൾ വിതച്ചതിൻ
ഫലമിന്നു കൊയ്യുന്നു നാം തന്നെ നിശ്ചയം
Subscribe to:
Post Comments (Atom)

1 comment:
'ചതിച്ചും വധിച്ചും നമ്മള് വിതച്ചതിന്
ഫലമിന്നു കൊയ്യുന്നു നാം തന്നെ നിശ്ചയം.'
സ്വന്തം നിഴലിനെപ്പോലും സംശയിക്കുന്നു മാലോകര്‍.താങ്കള്‍ പറഞ്ഞ പോലെ വിതച്ചത് കൊയ്യുന്നു.
അടുക്കും ചിട്ടയും അര്‍ഥവുമുള്ള വരികള്‍.ആശംസകള്‍ വാനമ്പാടി.
Post a Comment